ഞാൻ കർത്താവല്ല
ഞാനുമൊരു മനുഷ്യനായിരുന്നു; ഒരു സാധാരണ മനുഷ്യൻ.
എനിക്കുമുണ്ടായിരുന്നു സുന്ദരിയായ സ്നേഹസമ്പന്നയായ ഒരു
ഭാര്യ.
ഓമനത്തം തുളുമ്പുന്ന കുരുന്നുകൾ...
ഞാനും ജീവിച്ചു..ജരാനരകളോടെ, ഊന്നു വടിയിലൂന്നി...
മക്കളുടേയും ചെറുമക്കളുടേയും നെടുവീപ്പുകൾക്കു നടുവിൽ-
ഞാൻ സമാധാനമായി കണ്ണടച്ചു.
പക്ഷെ,
പിന്നീടാണ് ഞാനറിഞ്ഞത്,
നിങ്ങളെന്നെ മുപ്പത്തിമൂന്നാം വയസ്സിൽ കുരിശ്ശിലേറ്റി
കൊന്നു കളഞ്ഞെന്ന്.....
എന്റെ തലയിൽ മുള്ളുകൊണ്ട് കിരീടം ചൂടിച്ചെന്ന്...
എന്റെ മാംസം പന്ത്രണ്ട് പേർക്ക് പകുത്ത്,
എന്റെ ചോരയിൽ മുക്കി കൊടുത്തെന്ന്...
സത്യത്തിൽ എന്താണ‍് ഞാൻ ചെയ്തത്.......
അജ്ഞതയുടെ അന്ധകാരത്തിൽ തപ്പിത്തടഞ്ഞവന‍്,
അക്ഷരവെളിച്ചം പകർ ന്നു കൊടുത്തു.
സ്വന്തം ദുഷ്ചെയ്തികൾ കാരണം ജീവിച്ചിരിക്കെ-
മൃതതുല്യനായവന‍് നന്മയുടെ പുതു ജീവൻ നല്കി.
അദ്ധ്വാനത്തിന്റെ മഹത്വം വീണ്ടും വീണ്ടും-
ചൊല്ലിക്കൊടുത്ത്, അഞ്ചു പാത്രങ്ങളിൽ നിറച്ച വിത്ത്;
അയ്യായിരം പേർക്ക് അപ്പമായി, അന്നമായി മാറ്റുന്ന മാജിക്...
കൃഷി ചെയ്യാൻ പ പ്പിച്ചു.
വിശന്നു പൊരിഞ്ഞ് മീൻ ഇരന്നവനെ ,
മീൻ പിടിക്കാനും, വളർത്താനും പ പ്പിച്ചു.
ദേവാലയത്തിലെ വാണിഭക്കാരെ, ഭക്തിരസം-
മൊത്തമായ്, ചില്ലറയായി വിറ്റു കൊണ്ടിരുന്നവരെ-
ചങ്കുറപ്പോടെ നേരിട്ടു..ആട്ടിയിറക്കി വിട്ടു.
എന്റെ ആശയങ്ങളിൽ, പ്രവൃത്തികളിൽ പ്രതീക്ഷാപൂർവ്വം....
അവർ പന്ത്രണ്ടു പേർ, എന്റെ സഖാക്കൾ.
അവർക്കായ് നൽ കാൻ, നിയമസംഹിതകളോ, കൽ പ്പനകളോ,
സുവിശേഷങ്ങളോ എനിക്കില്ലായിരുന്നു.
ഞാൻ പറയേണ്ടതെല്ലാം ചെയ്തു......
എഴുതേണ്ടതെല്ലാം പ്രവർത്തിച്ചു......
ഞാൻ കർമ്മമായിരുന്നു....
പക്ഷേ,
ഇപ്പോൾ....
എനിക്കറിയില്ല, ആരാണ‍്, എപ്പോഴാണ്
എന്നെ കർത്താവാക്കിയതെന്ന് ??
ദൈവപുത്രനാക്കിയതെന്ന് ???
Comments