Monday, December 12, 2016

മണി മുഴങ്ങാതെന്തോണം....മണി കിലുങ്ങാതെന്തിനോണം...


ഓണപ്പാട്ടും പാടി വന്നിരുന്ന പൊന്നോണത്തുമ്പി ഈ ഓണത്തിനെത്തില്ല..ഇനിയൊരോണത്തിനും...
വന്നു ..  പാടി ..  ആടി ..  കീഴടക്കി  ..  പോയി  ..  പൊയ്പ്പോയീ ...
മണിയുണർത്തിയ മണികൊളുത്തിയ മണിപടർത്തിയ മണിയുൽസവങ്ങളായിരുന്നല്ലോ നമുക്കോണം..
നിലച്ചു പോയൊരാ മണിയിൽ നിന്നിപ്പൊഴും ആയിരം മണിയൊച്ചകൾ മുഴങ്ങുന്നു...
എന്നിലൂടെയും നിന്നിലൂടെയും നമ്മിലൂടെയും അതു പടരുന്നു….

മേലേപ്പടിഞ്ഞാറു സൂര്യനായി നീ മറയുമ്പൊഴും..താഴെക്കിഴക്കു നിൻ നന്മകൾ പ്രകാശം പൊഴിച്ചേയിരിക്കുന്നു..

മാമ്പഴംഅവൻ അവളെ ഭ്രാന്തീന്നു വിളിച്ചു...
അവൾ അവനെ..
പൊട്ടാ വട്ടാ
കള്ളാ കുള്ളാ പോക്കിരീ തെമ്മാടീ...
അവൻ വീണ്ടും..
മുഴുഭ്രാന്തീന്ന്.....
അവൾ അവനെ കൊഞ്ഞനം കുത്തി....
അവൻ മൂക്കു പിഴിഞ്ഞ് അവൾടെ പാവാടേൽ തേച്ചു..
അവൻ മാമ്പഴം പറിച്ചു..
അവൾടെ വായ് നിറഞ്ഞു....
അവൻ കടിച്ചു തിന്നു...
അവൾടെ കണ്ണു നിറഞ്ഞു...
അവൾ ഓടിപ്പോയി..
അവന്റെ കീശേൽ അതിനേക്കാൾ വലുതവൾക്കായ്..
അവളെ കണ്ടില്ല..അവൾ വന്നില്ല...
കാക്കയും കുരുവിയും അണ്ണാറക്കണ്ണനും ചോദിച്ചു..
അവൻ കൊടുത്തില്ല...
ലവനും ലവളും ലതിന്റെ ലപ്പുറത്തുള്ളവരും ചോദിച്ചു..
അവൻ കൊടുത്തില്ല...

ദേ.....അങ്ങു  ദൂരെ ...
ആ മാഞ്ചുവട്ടിൽ അവനോടൊപ്പം അവരും ലവരും അവളെ കാത്തിരിക്കുന്നു...


ഡീ മോഡിറ്റൈസേഷൻ!!

നയപൈസയില്ലാ കയ്യിലൊരു നയാപൈസയില്ലാ....നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാപൈസയില്ല....


കഴുതകൾക്ക് രാജാവായി കുതിരയെ പ്രതീക്ഷിക്കാമോ...

മാനനീയ ശ്രീ ശ്രീ പൂജ്യ മഹാരാജാവിന്റെ അടുത്ത വിളംബരം വന്നിട്ടു വേണം തൂങ്ങിച്ചാവണോ..മുങ്ങിച്ചാകണോ എന്നൊക്കെ തീരുമാനിക്കാൻ....

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും  ഭാരതമാതാവു കീകീ ജയ്...


Sunday, August 28, 2016

ഹാപ്പീ ഓണം

കാണം വിറ്റും നാണം വിറ്റും മാനം വിറ്റും മര്യാദ വിറ്റും മരുന്നു വിറ്റും മരണം വിറ്റും നമ്മൾ ആഘോഷിക്കുന്ന കൊല(മല)യാളികളുടെ സാർവദേശീയ ആഢംബര പര പമ്പരത്ത മഹാമഹമാണ്‌ ഓണം.

Saturday, February 20, 2016

രാജ്യദ്രോഹി

ബാറു പൂട്ടിയ കാരണം, തങ്കമണീടെ വാറ്റും വീശി..റോഡിന്റെ വീതിക്കുറവിനെപ്പറ്റി തന്നെത്താൻ താത്വിക പിറുപിറുക്കൽ നടത്തി വീട്ടിലേക്കൊഴുകുകയായിരുന്നു അവൻ.
പിറകിൽ ആരോ വിളിക്കുന്നോ ?? ഏയ്..ഉൾവിളിയായിരിക്കും...
വീണ്ടും വീണ്ടും വിളി കേട്ടപ്പോ തിരിഞ്ഞു നോക്കാം എന്നു തീരുമാനിച്ചു.. വളരെ കഷ്ടപ്പെട്ട് തല തിരിച്ചു നോക്കി..ബാലൻസ് തെറ്റി താഴെ വീണുപോയി...
“ടാ രാജ്യദ്രോഹീ....”.
അവൻ തലപൊക്കി..
“നിന്നെത്തന്നെ”
“രാജ്യമോഹിയോ?,ഞൻ മൂ‍ലപ്പണയിൽ അശോകനാ, കലിംഗത്തിലെ അശോകനല്ല..എനിക്കാരുടേം രാജ്യമൊന്നും വേണ്ടേ...”.
“മോഹിയല്ലടാ.... ദ്രോഹി.. രാജ്യദ്രോഹി”
നാലുകാലേൽക്കേറിച്ചെല്ലുമ്പോ പെണ്ണുമ്പിള്ള വിളിക്കാറുണ്ട് “ടാ സാമദ്രോഹീന്നു”..ഇതെന്തപ്പാ ഈ രാജ്യദ്രോഹം..
അവർ തുടങ്ങി...
“നീ സ്കൂൾ മുറ്റത്ത് പണിയെടുക്കുമ്പോ  വന്ദേമാതരം കേട്ടിട്ട് അറ്റൻഷനായി നിന്നില്ല..
ഇനി മുതൽ ഇവിടെ ബീഫ് കറി ഇല്ല എന്നു ഷാജിയേട്ടൻ പറഞ്ഞപ്പോ..പൊറോട്ടേം കൊണ്ട് ഞാൻ പാക്കിസ്താനീ പോകണോടാ ഫാസിസ്റ്റ് കഴുവേറീന്നും പറഞ്ഞ് നീ ബീഫിസ്താനു ജയ് വിളിച്ചു....
ഗോമാതാവിനു ഞങ്ങൾ പൂജ നടത്തിയപ്പോ ആട്ടക്കാരി ഗോമതിയെ നടുറോഡിൽ നിർത്തി നീ പൂജിച്ചു...
വഴീക്കണ്ട പട്ടിയേം പൂച്ചയേം പിച്ചക്കാരേമൊക്കെ പിടിച്ചു നിർത്തി നീ സെൽഫിയെടുത്ത് കളിച്ചു...
രാവിലെ കൊച്ചീപ്പോണം ഉച്ചയ്ക്ക് കോഴിക്കോട് വൈകിട്ട് തിരുവന്തോരം...എന്റെ കെട്ടിയോളെ ഞാൻ ഉപേക്ഷിക്കാൻ പോകുവാ ആർക്കേലും വേണോന്നും ചോദിച്ച് നീ നാടു നീളെ നടന്നു...
സ്വന്തം പേരു ഷർട്ടിലെഴുതി അതു ഠൗണിൽ വച്ച് ഒരു രൂപയ്ക്ക് ലേലം ചെയ്തുവിറ്റു...
“മൂലപ്പണയിൽ അദാനി” എന്നൊരു ബോർഡും വച്ച് പഞ്ചായത്ത് കിണറ്റിൽ മോട്ടോർ വച്ച് വെള്ളമടിച്ച് ഠൗണിൽ കൊണ്ടുപോയ് വിറ്റു...കിണറു വറ്റിച്ചു....
ഹോം വർക്കു ചെയ്യാത്തതിനു സാറു നിന്റെ മോനെ തല്ലീന്നും പറഞ്ഞ് നീ ഹെഡ്മാസ്റ്ററെ  മാറ്റി ചെത്തുകാരൻ ഗജേന്ദ്രനെ അവിടെ ഇരുത്തണോന്നും പറഞ്ഞ് സത്യഗ്രഹമിരുന്നു. എന്താ ഗജേന്ദ്രന്റെ യോഗ്യതേന്നു ചോദിച്ചപ്പോ..അവൻ പണ്ട് മഴ പെയ്തപ്പോ ഇസ്ക്കൂൾ വരാന്തയിൽ കേറി നിന്നിട്ടുണ്ടാരുന്നുന്നു നീ പറഞ്ഞു....
രാജാവിനെ അപമാനിച്ചാൽ രാജ്യദ്രോഹം..രാജ്യത്തെ അപമാനിച്ചാലല്ല...അതു നീ ഓർത്തില്ല... നിന്റെയുള്ളിലെ ലഹരികളാണു നിന്നെക്കൊണ്ടിതൊക്കെ ചെയ്യിക്കുന്നെ...മദ്യത്തേക്കാൾ വീര്യം കൂടിയ ലഹരികൾ...
ജനാധിപത്യം മതേതരത്വം സോഷ്യലിസം മനുഷ്യസ്നേഹം..മാങ്ങാത്തൊലി..തേങ്ങാക്കൊല...
ഇതെല്ലാം മാറ്റി നിന്നെയൊരു വരിയുടഞ്ഞ അനുസരണയുള്ള പൗരനാക്കാൻ പറ്റുമോന്നു നൊക്കട്ടെ.... കുറേപ്പേരെ ഇതിനകം ഞങ്ങൾ വരിയുടച്ചംബാസടർമാരാക്കി... ഞങ്ങളൂതുന്ന കുഴലിന്റെ പിറകേ നീയും വരും..വരുത്തും ഞങ്ങൾ...“
അശോകന്റെ കെട്ടു വിട്ടു..കൈ ചുരുട്ടിക്കേറ്റി.. മുണ്ടഴിച്ചു തലേൽക്കെട്ടി അശോകൻ നെഞ്ചുവിരിച്ചു പറഞ്ഞു..
” രാജാവിന്റെ പ്രജകളേ...നിന്റെയൊക്കെ കയ്യിലിരിക്കുന്നതിനേക്കാൾ കരുത്തുള്ള ഒരു വടി എന്റെ മുതുകിലുണ്ട്...ഒടിഞ്ഞാലും വളയാത്ത ഒന്ന്... നിങ്ങൾ പണ്ട് അടിച്ചൊടിച്ച തന്തയ്ക്കു പിറന്ന ചോരത്തിളപ്പുകൾ കൈമാറിയ ഒന്ന്... പെറ്റമ്മയെ കൂട്ടിക്കൊടുക്കാൻ കാവൽ നിൽക്ക്കാൻ ഇനിയൊരംബാസടറേം നിങ്ങൾ നോക്കണ്ട... മറവിരോഗം ബാധിച്ച പൊതുജനമാന്യന്മാർ ഇപ്പൊ മറവിരോഗം അഭിനയിക്കുന്നുണ്ടാവാം... അവരും നല്ല കുപ്പത്തൊട്ടികൾ ഇപ്പഴേ തെരഞ്ഞു തുടങ്ങട്ടെ...
ഞാൻ ചവിട്ടുന്ന മണ്ണാണു എന്റെ രാജ്യം.. ഞാൻ ശ്വസിക്കുന്ന വായുവാണെന്റെ സ്വത്വം..ഞാൻ കുടിക്കുന്ന വെള്ളമാണെന്റെ സത്യം... അതിന്റെ ചുറ്റും ആരുടെ വേലിയാണ്‌..ഏതു നിറമുള്ള കൊടിയാണു എന്നു ഞാൻ നോക്കാറില്ല...ഞാൻ മനുഷ്യനാണു...മനുഷ്യനു ജീവിക്കാൻ പറ്റിയതേതും എന്റെ രാജ്യമാണു...ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു...“
അനന്തരം...
രാജ്യത്തെ ബഢാ പൂന്തോട്ടക്കാരൻ നിർദയമായ് കണ്ണടച്ചു..
മൂലപ്പണയിൽ അശോകൻ നിക്കറിന്റെ വള്ളിയിൽ സമത്വ സുന്ദരലോകത്തേയ്ക്ക് പോകാന്നു വച്ചു.ഞങ്ങൾ തീരുമാനിച്ച  സമയത്തേ നീ മരിക്കാവൂ.. പിന്നേം അവർ ഇടപെട്ടു..
അവൻ കറുത്ത മുഖം മൂടി വേണ്ടാന്നു പറഞ്ഞു..വേറൊന്നുമല്ല അതിനു ഭയങ്കര നാറ്റമാരുന്നു...അവന്റെ മുൻഗാമികളുടെ ഒടുക്കത്തെ വായ്നാറ്റം...
അവസാന അത്താഴം പുളിച്ചു തികട്ടി..വല്യരേമ്പക്കത്തോടെ അവൻ കാത്തു നിന്നു..നൂറുകോടി നിശബ്ദ നിശ്വാസങ്ങൾ അവന്റെ കഴുത്തു മുറുക്കി...

അവൻ തൂങ്ങിയാടി.. ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടി...

Sunday, February 14, 2016

വിട പറഞ്ഞൂ വസന്തം..

എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ എന്നേയ്ക്കുമായസ്തമിച്ചു പോയി...
ഇന്നിനി നമ്മിലൊരാള്ളിന്റെ നിദ്രയ്ക്ക് മറ്റെയാൾ കാവൽ നിന്നീടണം..
നീയുറങ്ങുക..ഞാനുറങ്ങാതിരിയ്ക്കാം..
(ശാർങ്പ്പക്ഷികൾ - ഒ എൻ വി)
-------------------------------------

ഞങ്ങൾൻ ബാല്യകൗമാര യൗവ്വനങ്ങളിൽ അക്ഷരാമൃതം പകർന്നവനേ..
ആസന്നമൃതയായ ഭൂമിതൻ മാറിൽ താങ്കൾ സ്വസ്ഥമായുറങ്ങൂ...

മണ്ണിനും പെണ്ണിനും കവിതയ്ക്കും കാവലായ് ഞങ്ങൾ ഉറങ്ങാതിരിക്കാം..

Wednesday, February 10, 2016

പാക്കരന്മാർ ചാകുന്നവിധം

അപ്പൂപ്പാ പാക്കരൻ എന്റെ വണ്ടീൽ തൊട്ടു....
അപ്പൂപ്പാ പാക്കരൻ എന്റെ വണ്ടീടെ മുന്നിക്കേറി നിന്നു...
അപ്പൂപ്പാ പാക്കരൻ എന്റെ വണ്ടീടെ ടയർ ഊരാൻ നോക്കി..
അപ്പൂപ്പാ പാക്കരൻ എന്റെ ബുക്കെടുത്തു മറിച്ചു നോക്കി..
അപ്പൂപ്പാ പാക്കരൻ എനിക്കു മാങ്ങ പറിച്ചു തന്നില്ലാ...
അപ്പൂപ്പാ പാക്കരൻ എനിക്കു കുയിലിനെ പിടിച്ചു തന്നില്ലാ..
അപ്പൂപ്പാ പാക്കരൻ പറിച്ച ചക്കപ്പഴത്തിനു മധുരമില്ലാ..
അപ്പൂപ്പാ പാക്കരനെ അടിച്ചിട്ട് അവൻ കരയുന്നില്ലാ...
അപ്പൂപ്പാ പാക്കരനെ നമുക്കു കൊന്നാലോ..അവൻ ചാവൂലാ ഉറപ്പാ...

ഉണ്ണി കരയണ്ടാ..അവനെ നമുക്ക് കൊല്ലാതെ കൊല്ലാം....

പുലയാടി മോനേ..പാക്കരാ ഇവ്ടെ വാടാ.....