സൗമ്യമായൊരു പ്രതികാരത്തിനായി...

ഞാനെല്ലാം കാണുന്നുണ്ട്..എല്ലാം അറിയുന്നുമുണ്ട്....
അമ്മയുടെ അലമുറ....അച്ഛന്റെ തേങ്ങൽ...
ഏട്ടന്റെ ചങ്കിലെ തീക്കടൽ....എല്ല്ലാമെല്ലാം.....
എനിക്കു കരയാൻ കഴിയില്ലല്ലോ....ഞാൻ മരിച്ചതാണല്ലോ...
അല്ലാ, എന്നെ കൊന്നതാണല്ലോ....
ഒരു ജീവൻ, അതൊരു പുഴുവായലും പാറ്റയായാലും
ഉറുമ്പായാലും കിളിയായാലും മൃഗമായാലും മനുഷ്യനായാലും
അന്തസ്സോടെ വേണ്ടേ കൊല്ലാൻ...?
അറവുശാലയിൽ മൃഗത്തോടനുവാദം
ചോദിച്ചല്ലോ നിങ്ങൾ; പിന്നെ -
എന്നെയെന്തേ ഒന്നു ചോദിക്കാതെ കൊന്നു കളഞ്ഞു...
തുലച്ചു കളഞ്ഞു....തകർത്തു കളഞ്ഞു.....
അതെ സോദരിമാരെ; നിങ്ങൾ-
ഉടയ്ക്കപ്പെടാനുള്ള കുടങ്ങളാണ്......
അമ്മയുടെ അടിവയറ്റിൽ അവനാദ്യം-
നിന്നെ കടന്നു പിടിക്കും, ഞെരിച്ചു കൊല്ലും....
നീ രക്ഷപെട്ടു പുറത്തുവന്നാൽ, മിoയി കാട്ടി വിളിക്കും
നിന്റെ നിഷ്ക്കളങ്കതയിൽ അവന്റെ ആസക്തിയുടെ
വിഷം നിറയ്ക്കും...നിന്നെ കശക്കിയെറിയും.....
പിന്നെയും നീ തുടർന്നാൽ....
നിന്നെ; ബസ്സിൽ വച്ചും ബസ്റ്റോപ്പിൽ വച്ചും
ഓഫീസ് ക്യാബിനിൽ വച്ചും പബ്ലിക് റ്റോയ്‌ലെറ്റിൽ വച്ചും
ട്രെയിനിൽ വച്ചും റെയിൽപ്പാളത്തിൽ വച്ചും, എന്തിനേറെ-
അവന്റെ അമ്മയുടെ മടിയിൽ വച്ചുപോലും....
അവൻ നിന്നെ ഭോഗിക്കും...!!!
നീ കുതറി മാറിയാൽ, രക്ഷപെട്ടെന്നു തോന്നിയാൽ
അവസാന ആയുധം അവൻ നിന്റെ കഴുത്തിലണിയിക്കും.
വില കുറഞ്ഞൊരു ചരടു കൊണ്ടവൻ-
സാസ്ക്കാരിക സമൂഹത്തിൽ ലൈസെൻസെടുക്കും...
നിന്നെ യഥേഷ്ടം കുടിച്ചു വറ്റിക്കാനുള്ള ലൈസൻസ്.
പത്രത്താളുകളിൽ ചാനൽച്ചർച്ചകളിൽ നീ-
പീഢിപ്പിക്കപ്പെട്ടവളായി അവസാനിക്കും.
അവൻ പുരുഷൻ... കയ്യില്ലാത്തവൻ....
കണ്ണില്ലാത്തവൻ...ചെകിടൻ... കുഷ്ഠരോഗി....
പക്ഷേ, മരണക്കിടക്കയിലും ഉണരും-
അവന്റെ ആസക്തിയുടെ പീoനദണ്ഡ്.
എനിക്കു ജന്മം നൽകിയവർ, എന്റെ കൂടപ്പിറപ്പ്..
അവരുടെ സ്വപ്നങ്ങൾ, എന്റെ സ്വപ്നങ്ങൾ..
വാർന്നുപോയ്ക്കഴിഞ്ഞിരിക്കുന്നുവല്ലോ,
എന്റെ ചുടുചോരയോടൊപ്പം.

എന്റെ നിലവിളി കേൾക്കാത്ത, എന്റെ ശരീരം തല്ലിക്കെടുത്തിയ-
പാളങ്ങൾ വിണ്ടുകീറും.. ട്രെയിനുകൾ പാളം തെറ്റും,
എന്റെ ജീവിതം പോലെ....
ഞാൻ മരിച്ചുകഴിഞ്ഞു....എന്നെ കൊന്നു കഴിഞ്ഞു....
പക്ഷേ, ഞാൻ പോകില്ലാ, കാത്തിരിക്കുന്നു;
ആ ദിവസത്തിനായി, അന്ന്-
അരയ്ക്കു താഴെ ശൂന്യതയുമായി
പുരുക്ഷകേസരികൾ പിറക്കും
അവന്റെ ആസക്തിയുടെ മുള്ളുകൾ മുറിഞ്ഞ്
അവന്റെ മനസ്സിൽ നിറഞ്ഞ വിഷം പുറത്തേയ്ക്കൊഴുകും..
അവനൊരു മനുഷ്യനാകും.
അന്നു ഞാൻ പോകും, എല്ലാവരേയും കൂട്ടി...
എനിക്കു മുൻപേ മരിക്കാൻ വിധിക്കപ്പെട്ട, എന്നാൽ-
പോകാൻ കഴിയാതെ അലഞ്ഞു തളർന്ന്
പുഴുത്തുനാറിയ കുറേ പെൺപ്രേതങ്ങളെയും കൊണ്ട്.

Comments

Anonymous said…
parayuvaan vaakkukal illathe njaan thirinju nadakkuakayaanu....
Oru dheerkha niswasam maathram.....!!!

Popular posts from this blog

രാധേയൻ

ഞാനും നിങ്ങളും : ഈ വി രാമസ്വാമി (പുസ്തകവിചാരം)